കുത്തക വിരുദ്ധ കുത്തക കമ്പിനിയോ ? അതോ, കുത്തക വിരുദ്ധ കുത്തക യൂണിയനോ? പേരിലെ കനിവ്, 108 ൽ ഉണ്ടാകുമോ?

കുത്തക വിരുദ്ധ കുത്തക കമ്പിനിയോ ? അതോ, കുത്തക വിരുദ്ധ കുത്തക യൂണിയനോ?  പേരിലെ കനിവ്, 108 ൽ ഉണ്ടാകുമോ?
Oct 27, 2024 11:38 AM | By PointViews Editr


പേരാവൂർ (കണ്ണൂർ): കനിവ് 108 ആംബുലൻസ് എന്നാണ് സേവനത്തിൻ്റെ പേരെങ്കിലും ഒട്ടും കനിവില്ലാത്ത കമ്പനിയാണ് കമ്പനി നടത്തുന്നതെന്ന് തൊഴിലാളികളും ജനത്തോട് കനിവൊന്നും തൊഴിലാളികൾ കാണിക്കാറില്ലെന്ന് നാട്ടുകാരും പറയുന്നതിനിടയിലാണ് പേരാവൂരിൽ തൊഴിലാളി വർഗ്ഗ വിപ്ലവ പ്രസ്ഥാനമായ സിഐടിയുവിൻ്റെ 10 വിപ്ലവകാരികൾ ചേർന്ന് 108 ആംബുലൻസിൻ്റെ ബോണറ്റിൽ തന്നെ ചെങ്കൊടികുത്തി സർവ്വാധിപത്യം സ്ഥാപിച്ചത്‌. കാരണം ഡ്രൈവറെ മറ്റൊരു ജില്ലയിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്നതാണ്‌. എന്തിന് ഡ്രൈവറെ മാറ്റി എന്നതിന് ഡ്രൈവറും കമ്പനിയും പറയുന്ന നിലവാരമുള്ള കഥ ഏകദേശമൊക്കെ സെയിം ആയതു കൊണ്ട് വിഷയം ശരിയാണെന്ന് കരുതാം. ഡ്രൈവർ 108 ആംബുലൻസിൻ്റെ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ്. മാത്രമല്ല സിപിഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയും കൂടിയാണ്. കൂടെയുള്ള ജീവനക്കാരൊക്കെ കുത്തക വിരുദ്ധ കുത്തക യൂണിയൻ്റെ ആൾക്കാരുമാണ്. കമ്പനിയും കുത്തക വിരുദ്ധ കുത്തക കമ്പനിയാണ്. തൊഴിലാളികളെയും കമ്പനിയെയും ഒരേ പോലെ സംരക്ഷിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിയും ഇവർ മൂന്നു പേരേയും സംരക്ഷിക്കുന്ന പാർട്ടിയും പാർട്ടിയെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും എല്ലാം കുത്തക വിരുദ്ധ കുത്തക പ്രസ്ഥാനം കുത്തകയാക്കി വച്ചവരാണ് എന്നതാണ് കുത്തക കോമഡി. പക്ഷെ നടപടിക്ക് കാരണമായ വിഷയം ഒരു യുവതിയെ പ്രസവത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത് പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് 108 ആംബുലൻസിൽ കയറ്റി വിടുന്നു. എന്നാൽ 108 ആംബുലൻസ് ചെന്ന് നിന്നത് കണ്ണൂരിലെ ഒരു കുത്തക ബൂർഷ്വാ ആശുപത്രിയുടെ മുന്നിലാണ്. ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് മാത്രം രോഗികളെ എത്തിക്കാനാണ് കനിവുള്ള 108 ന് അനുമതിയുള്ളൂ. അപകടങ്ങളിലൊക്കെ ഇത്തിരി ഇളവ് ഒക്കെയുണ്ടെന്ന് പറയപ്പെടുന്നു. പക്ഷെ പ്രസവത്തിന് വേണ്ടിയാണ് ഈ സംഭവത്തിൽ രോഗിയുമായി 108 പോയത്. വഴിക്ക് വച്ച് യുവതി ഗുരുതരാവസ്ഥയിലായി എന്ന കാരണം പറഞ്ഞാണ് യുവതിയെ, പോകുന്ന വഴിക്കുള്ളതും അടുത്തുള്ളതുമായ സ്വകാര്യ ആശുപത്രിയിലെത്തിച്ചതത്രെ!. യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചു. 108 ആംബുലൻസ് ജീവനക്കാരുടെ സമയോചിതമായ പ്രവർത്തനമാണ് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷപ്പെടാൻ കാരണമായതെന്നും ചട്ടം നോക്കി ജില്ലാ ആശുപത്രിയിലേക്ക് തന്നെ പോയിരുന്നെങ്കിൽ പ്രശ്നം സങ്കീർണമാകുമായിരുന്നു എന്നുമാണ് ന്യായം പറയുന്നത്. ഇത്രയും കാര്യങ്ങൾ സംഭവിച്ചത് രണ്ട് മാസം മുൻപാണ്. പക്ഷെ കനിവ് കമ്പനി ഈ പ്രവർത്തിയെ ഗുരുതരമായ ചട്ടലംഘനമായാണ് കണ്ടത്. വിശദീകരണം ചോദ്യമായി നടപടികളായി. കാരണം രണ്ട് ജിന്നുകൾ പോയാലും പാർട്ടിയുടെയും യൂണിയൻ്റെയും കമ്പനിയുടെയും ചട്ടം ലംഘിക്കാൻ പാടില്ല എന്നാണ് ശരിക്കുള്ള ചട്ടം എന്ന് ജീവനക്കാർ ഓർക്കേണ്ടതായിരുന്നു. ജീവൻ രക്ഷിച്ചതിനെ മാർക്കറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്വകാര്യ ആശുപത്രിക്കാരൻ വിടുമോ? ഇല്ല. അവർ ചാടി വീണ് അവസരോചിതമായി പ്രവർത്തിച്ച കനിവുള്ള ജീവനക്കാരെ ആദരിക്കാൻ നോക്കി. കനിവു കമ്പനിക്കാരൻ പക്ഷെ നിഷ്കരുണം ആ നീക്കത്തെ വിലക്കി. വിടില്ല ഞാൻ എന്ന വാശിയോടെ സ്വകാര്യൻ ഒറ്റച്ചാട്ടത്തിന് പേരാവൂരിലെ 108 ആംബുലൻസ് മുറ്റത്ത് വന്ന് തന്നെ ആദരിച്ചു. സഹിക്കാൻ പറ്റുമോ കനിവ് കമ്പനിക്ക്.? പറ്റില്ല. ചട്ടമല്ലേ പ്രധാനം? തല പോയാലും ചട്ടമാണ് പ്രധാനമെന്ന് കരുതുന്ന വിപ്ലവ പ്രസ്ഥാനത്തിൻ്റെ ആൾക്കാരാണല്ലോ എല്ലാവരും വിടാൻ പറ്റുമോ? അതും ഒരു വെറും ഡ്രൈവറേയും നഴ്സിനേയും ആദരിക്കുകയോ? അനുവദിക്കരുത്. പക്ഷെ ആദരിച്ചു. ക്ഷമിക്കാൾ പറ്റുമോ? പറ്റില്ല. ഡ്രൈവറെ അടുത്ത ജില്ലയിലേക്ക് പിടിച്ചൊരേറ് വച്ചു കൊടുത്തു. പക്ഷെ പോയില്ല. വിട്ടേ അടങ്ങൂ എന്നായി കനിവ് കമ്പനി ടീംസ്. കല്ലേപ്പിളർക്കുന്ന ഓർഡർ വന്നു. പകരം നിയമനം നടത്തി. 'കോടികൾ ' ശമ്പളമായി എണ്ണിവാക്കുന്ന ഒരു ബൂർഷ്വാ ഡ്രൈവർ കമ്പനി ചട്ടകളെ എതിർക്കുകയോ? അനുവദിക്കാനാകില്ല. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത്, പല മാസങ്ങളിലും തുച്ഛമായ ആ ശമ്പളം പോലും കൃത്യമായി കൊടുക്കാറില്ല എന്ന്. നടപടി നേരിട്ട് അടുത്ത ജില്ലയിൽ പോയി പട്ടിണി കിടക്കേണ്ടതുണ്ടോയെന്ന് ജോലിക്കാർ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. പോകാത്ത ഡ്രൈവറെ പറഞ്ഞു വിടാൻ പകരം ജീവനക്കാരെ നിയമിച്ചു. ഡ്യൂട്ടിക്കായി അവർ എത്തിയപ്പോൾ ആണ് സമരം തുടങ്ങിയത്. യൂണിയൻ സംസ്ഥാന സെക്രട്ടറിയെ ഒതുക്കാൻ കമ്പനി തുനിഞ്ഞതോടെ യുണിയൻ ഇടഞ്ഞു. ഇടഞ്ഞ യൂണിയനൊപ്പം കുത്തക വിരുദ്ധ കുത്തക യൂണിയനും ഇടഞ്ഞു., ബോണറ്റിൽ യൂണിയൻ പതാക കുത്തി. ആംബുലൻസിൻ്റെ താക്കോൽ ഊരിക്കൊണ്ടുപോയി. വണ്ടി കട്ടപ്പുറത്ത് കൊടി പുതച്ചു നിൽക്കുന്നു. കമ്പനി വിടുമോ വേറേ വണ്ടി വച്ചു. അതിൻ്റേം താക്കോലൂരി. സമരം ശക്തമായി പ്രകടനം സമ്മേളനം ഒക്കെയായി. ഇനി ? അതിന് കാത്തിരിക്കുമ്പോൾ ആണ് കമ്പിനിക്കും യൂണിയനും എതിരെ ആരോപണവുമയി മറ്റ് ആംബുലസുകളുടെ യൂണിയൻ രംഗത്ത് വന്നത്. അവർ പറയുന്നു - 108 ആംബുലൻസുമായി ബന്ധപ്പെട്ട് തുടങ്ങിയ യൂണിയന്റെ സമര പരിപാടി ജീവനക്കാർ നിലവിൽ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്.2 മാസമായി കേരളത്തിലെ മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ശമ്പളം മുടങ്ങിയിട്ട്. അതിനെതിരെ GVK EMRI GREEN HEALTH SERVICE നെതിരെ സമരം പ്രഖ്യാപിക്കാതെ യൂണിയൻ നേതാവിന്റെ സ്ഥലം മാറ്റത്തെ പ്രശ്നവൽക്കരിച്ചു യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂണിയന്റെ ശ്രമം. യൂണിയൻ അണികളെ പ്രകോപിപ്പിച്ച് മുഴുവൻ ജീവനക്കാരുടെയും ശ്രദ്ധ ഇതിൽ ഒതുങ്ങണം എന്നും ഒരു ജീവനക്കാരും ശമ്പള വിഷയത്തിൽ സമരം പ്രഖ്യാപിക്കരുത് എന്നുമാണ് കമ്പനി ആഗ്രഹിക്കുന്നത്. ജീവനക്കാർ മുഴുവൻ കമ്പനിക്ക് എതിരായാൽ കരാർ അവസാനിക്കുന്ന ഈ അവസാന മാസം അതൊരു ചോദ്യ ചിഹ്നമാകും എന്ന് കമ്പനിക്കും ഭയമുണ്ട്.അടിസ്ഥാന പ്രശ്നത്തിൽ നിന്ന് വ്യതിചലിക്കാതെ യാഥാർഥ്യം മനസ്സിലാക്കി യൂണിയൻ ഇപ്പോളുള്ള നിലപാട് പുനപരിശോധിക്കണം എന്നും സാധാരണക്കാർ ആശ്രയിക്കുന്ന 108 കനിവ് ആംബുലൻസിനെ കമ്പനിക്കോ ഇപ്പറഞ്ഞ യൂണിയനോ രോഗികൾക്ക് വേണ്ടി സർവീസ് നടത്തനാകാത്ത വിധം പ്രവർത്തിക്കുമ്പോൾ അത്യാഹിത രോഗികൾ ആണ് ബുദ്ധിമുട്ടുന്നത് എന്ന എന്ന കാര്യം ഓർക്കേണ്ടതുണ്ട്.എമർജൻസി വാഹനമായ ആംബുലൻസിന് കൊടി കുത്തി സർവീസ് നിർത്തി വെപ്പിച്ച് രോഗികളുടെ ജീവന് വിലകൽപ്പിക്കാതെ യൂണിയൻ നേതാവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പുതിയ സമര രീതി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.ജില്ലയിലെ മുഴുവൻ ജീവനക്കാരുടെയും അടിസ്ഥാന പ്രശ്നത്തിന് പരിഹാരം കാണേണ്ടത് മുഖ്യ വിഷയം ആകണമെന്നും ജീവനക്കാരോട് കമ്പനി കാണിക്കുന്ന നീതി നിഷേധം പൊതുജനങ്ങൾക്ക് മുന്നിൽ ചൂണ്ടിക്കാണിക്കണമെന്നും ആംബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) ആവശ്യപ്പെടുന്നു. ജില്ല പ്രസിഡന്റ്‌ അഷ്‌റഫ്‌ മാട്ടൂലിന്റെ അധ്യക്ഷതയിൽ ഇരിട്ടിയിൽ വെച്ച് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ല സെക്രട്ടറി നൗഷാദ് ഇരിട്ടി വിഷയം അവതരിപ്പിച്ചു. ജില്ല ട്രഷറർ റംസി പാപ്പിനിശ്ശേരി, ശ്രീനിവാസൻ കേളകം, മാത്യു സെബാസ്റ്റ്യൻ അങ്ങാടിക്കടവ് എന്നിവർ പങ്കെടുത്തു.

കാര്യം ഇങ്ങനെയാണെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസിൽ കൊണ്ടു പോകുന്ന രോഗികളെ മറ്റൊരുസർക്കാർ ആശുപത്രിയിലേക്ക് തന്നെ എത്തിക്കണമെന്ന നിർദ്ദേമാണ് ഉള്ളത്. എന്നാൽ ചിലയിടങ്ങളിൽ എങ്കിലും 108ൽ കൊണ്ടു പോകുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവരിൽ നിന്ന് കമ്മിഷൻ വാങ്ങുന്നുവെന്നും ആരോപണം നിലനിൽക്കുന്നു. അതിൻ്റെ ചുവട് പിടിച്ചാണ് കമ്പനി നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നത്. കളിയിൽ പാർട്ടിയുടെ സ്വന്തം കമ്പനി വിജയിക്കുമോ അതോ പാർട്ടിച്ചട്ട് മാത്രം ചുമക്കാൻ വിധിക്കപ്പെട്ട കുത്തക തൊഴിലാളി യൂണിയൻ വിജയിക്കുമോ എന്നേ അറിയാനുള്ളൂ.....

An anti-monopoly company? Or, antitrust union? Kaniv in the name, will it be in 108?

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories